ദില്ലി:ഗോഡ്‌സേയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ അച്ചടക്ക നടപടി നേരിട്ടേക്കും.ഗോഡ്‌സെയെ സ്തുതിച്ച പ്രഗ്യാ സിംഗ് താക്കൂര്‍,അനന്ദ് കുമാര്‍ ഹെഗ്‌ഡേ,നളിന്‍ കട്ടീല്‍ എന്നിവരോട് ബിജെപി അച്ചടക്ക കമ്മിറ്റി വിശദീകരണം തേടി.10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. നേതാക്കളുടെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്നും അമിത് ഷാ പറഞ്ഞു.
അതേ സമയം ഗോഡ്‌സേയെ മഹത്വവല്‍ക്കരിച്ച ട്വീറ്റുകള്‍ നേതാക്കള്‍ പിന്‍വലിച്ചു.മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ചാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീലും രംഗത്തെത്തിയത്. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നും ഗോഡ്സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ ട്വീറ്റ്ചെയ്തിരുന്നു.
ഒരാളെ കൊന്ന ഗോഡ്സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ കൂടുതല്‍ ക്രൂരനെന്നു പരിശോധിക്കണമെന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്റെ ട്വീറ്റ്. എന്തായാലും പാര്‍ട്ടി നടപടി തുടങ്ങിയതോടെ നേതാക്കളെല്ലാം ട്വീറ്റുകള്‍ പിന്‍വലിക്കുകയായിരുന്നു.