പനാജി:ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ യശസ്സുയര്‍ത്തുന്ന പുരസ്‌കാരനേട്ടം . ‘ഈമയൗ’ എന്ന ചിത്രത്തിന് രണ്ടു പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദ് ജോസിനും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും ലഭിച്ചു.രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു മലയാളികള്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളോട് മല്‍സരിച്ചാണ് ഈമയൗ പുരസ്‌കാരം നേടിയത്.

സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈന്‍-റഷ്യന്‍ ചിത്രം ‘ഡോണ്‍ബാസിന്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം ലഭിച്ചു.മികച്ച നടിക്കുള്ള പുരസ്‌കാരം ‘വെന്‍ ദ ട്രീസ് ഫാള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി.മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ‘റെസ്പെറ്റോ’ എന്ന ചിത്രം ഒരുക്കിയ ആല്‍ബര്‍ട്ടോ മോണ്ടെറാസ് നേടി.ചെഴിയാന്‍ ഒരുക്കിയ തമിഴ് ചിത്രം ‘ടു ലെറ്റ്’ പ്രത്യേക ജൂറി പരാമര്‍ശം നേടി.മില്‍കോ ലാസ്‌റോവിന്റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം.റോമന്‍ ബോണ്ടാര്‍ച്ചുക്ക് സംവിധാനം ചെയ്ത ‘വോള്‍ക്കാനോ’ പ്രത്യേക പരാമര്‍ശവും നേടി.