കാര്യവട്ടം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചു. സ്റ്റേഡിയത്തിലെ കുപ്പിവെള്ള വിതരണം ഏറ്റെടുത്തിരിക്കുന്ന പെപ്സിക്കോ ഇന്ത്യ കമ്പനി തന്നെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കും. വേദിയില്‍ പ്രകൃതി സൗഹൃദ പാക്കിംഗ് ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുക. 20 വൃക്ഷത്തൈകള്‍ നടുന്ന ടി – ട്വന്റി: 20 ഫോര്‍ ട്രീ ട്വന്റി എന്ന ബോധവത്കരണ പരിപാടിയും സ്റ്റേഡിയത്തില്‍ നടത്തും.
തലസ്ഥാനത്ത് അടുത്തിടെ നടന്ന പരിപാടികളില്‍ പ്ലാസ്റ്റിക്ക് വിലക്കിയുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ വന്‍വിജയമായിരുന്നു. ഓണാഘോഷം പോലെയുള്ള വലിയ പരിപാടികളില്‍പ്പോലും പ്രോട്ടോക്കോള്‍ വിജയിച്ച പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര മത്സരത്തിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ നഗരസഭ തീരുമാനിച്ചത്. വേദികളില്‍ കുപ്പിവെള്ള വിതരണത്തിന് പെപ്സിക്കോയുമായി ദീര്‍ഘകാല കരാര്‍ നിലവിലുണ്ട്. സ്റ്റേഡിയത്തില്‍ 20 കേന്ദ്രങ്ങളില്‍ ജയിലില്‍ നിന്നുണ്ടാക്കുന്ന ഭക്ഷണങ്ങള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കൗണ്ടറുകളുണ്ടാകും. നവംബര്‍ ഏഴിനാണ് കാര്യവട്ടത്ത് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 നടക്കുന്നത്