തിരുവനന്തപുരം:കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച വിഎം സുധീരനെതിരെ രൂക്ഷമായി പ്രതികരിച്ച് എപി അബ്ദുള്ളക്കുട്ടി.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം. സുധീരന്റേത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗമാണെന്ന് അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നു.എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ എതിര്‍സ്വരങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളുമെത്തിയിട്ടുണ്ട്.പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും പിന്‍വലിക്കണമെന്നുമാണ് വിടി ബല്‍റാം ആവശ്യപ്പെട്ടത്.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ സിപിഎം ബഹുദൂരം മുന്നിലെത്തിയിട്ടും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പോലും പൂര്‍ത്തിയാക്കാതെ ഗ്രൂപ്പിസം കളിക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കഴിഞ്ഞദിവസം സുധീരന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധീരനെതിരെ അബ്ദുള്ളക്കുട്ടി വിമര്‍ശനവുമായി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ വിമര്‍ശിക്കാന്‍ സുധീരന് അവകാശമില്ലെന്നും അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം സഹിക്കുന്നിലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
‘ഒറ്റ രാത്രി കൊണ്ട് പാച്ചേനിയെ ഐ ഗ്രൂപ്പില്‍നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍, ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശിക്കണ്ട’ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ്.സു ഗ്രൂപ്പ് എന്നത് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനുള്ള പരോക്ഷ വിമര്‍ശനമാണ്.
വി ടി ബല്‍റാം പോസ്റ്റ് പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.