മലയാളികളുടെ ഗൃഹാതുരത്വമാണ് ചക്ക.കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഔദ്യോഗികഫലമായി ചക്ക മാറുകയും ചെയ്തു.കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ചക്കയില്ലാത്ത ഒറ്റവീടുപോലുമുണ്ടാവില്ല. അങ്ങനെയുള്ള ചക്കയെ ഒരു വിദേശ പത്രം കുറ്റം പറഞ്ഞാല്‍ മലയാളികള്‍ സഹിക്കുമോ?
‘കാഴ്ചയില്‍ വൃത്തിക്കെട്ടതും പ്രത്യേക മണവുമുള്ള കൃഷി ചെയ്യേണ്ടതില്ലാത്ത ഇന്ത്യന്‍ ഫലമെന്ന് ചക്കയെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണുയരുന്നത്.പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഒഫീഷ്യല്‍ പേജില്‍ കയറി അറഞ്ചം പുറഞ്ചം പൊങ്കാലയിട്ട മലയാളികള്‍ സകല സമൂഹമാധ്യമങ്ങളിലും കയറി ഗാര്‍ഡിയനെ തെറി പറയുകയാണ്.
ട്വിറ്ററിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ പ്രതിഷേധിക്കുന്നതു കൂടാതെ ഗാര്‍ഡിയന്റെ ഫേസ്ബുക്ക് പേജില്‍ മിക്ക പോസ്റ്റിനും താഴെ കമന്റും അസഭ്യംവിളിയുമാണ്.
നിനക്കൊക്കെ ചക്ക പുഛമാണല്ലേടാ എന്നു തുടങ്ങി ബ്രിട്ടീഷുകാരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളുമുണ്ട്.
പറയത്തക്ക വലിയ രുചിയൊന്നുമില്ലാത്ത പഴമെന്നാണ് ഗാര്‍ഡിയന്‍ ചക്കയെ വിശേഷിപ്പിച്ചത്. ചക്കയെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ ലേഖനം ഇഷ്ടപ്പെട്ടവരെ ഒരിക്കലും തനിക്ക് സുഹൃത്തുക്കളായി കാണാന്‍ കഴിയില്ലെന്നും ലേഖനമെഴുതിയ ആളോട് ചക്ക എന്തു തെറ്റു ചെയ്തു എന്നും ട്വീറ്റ് ചെയ്തവരുണ്ട്.ഗാര്‍ഡിയന്‍ ലേഖനത്തോടുള്ള പ്രതിഷേധസൂചകമായി ചക്കയുടെ ഗുണഗണങ്ങളും ചക്ക വിഭവങ്ങളും തൊട്ട് ചക്ക മാഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചക്കയുണ്ടെങ്കിലും കേരളമാണ് ചക്കയുടെ സ്വന്തം നാട്.