ചെന്നൈ:ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ ലെനിന്‍ രാജേന്ദ്രന്‍(67)
അന്തരിച്ചു.കരള്‍ മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചെന്നെയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു.
1981-ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യ ചിത്രം.ചില്ല്,പ്രേം നസീറിനെ കാണ്‍മാനില്ല,മീനമാസത്തിലെ സൂര്യന്‍,വചനം, പുരാവൃത്തം,കുലം,മഴ,ദൈവത്തിന്റെ വികൃതികള്‍,അന്യര്‍,രാത്രിമഴ, മകരമഞ്ഞ്,ഇടവപ്പാതി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.2016 -ല്‍ പുറത്തിറങ്ങിയ ഇടവപ്പാതിയാണ് അവസാന ചിത്രം.15 സിനിമകള്‍ സംവിധാനം ചെയ്തു.2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടി.
വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായി തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.ഡോ രമണിയാണ് ഭാര്യ, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍.
മറ്റു സംവിധായകരില്‍നിന്നും വ്യത്യസ്തമായി മികച്ച സാഹിത്യ കൃതികള്‍ ചലച്ചിത്രമാക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധപതിപ്പിച്ചിരുന്നു.അതിലുപരി കലാമൂല്യമുള്ള സിനിമകളില്‍ കച്ചവടസിനിമയുടെ മുന്‍ നിര താരങ്ങളെ ഉള്‍പ്പെടുത്തി അദ്ദേഹം സിനിമയുടെ മുഖ്യധാരയിലൂടെ സഞ്ചരിച്ചു.എന്നും വ്യക്തി ജീവിതത്തിലും ചലച്ചിത്രത്തിലും അദ്ദേഹത്തിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു.കയ്യൂര്‍ സമര ചരിത്രം പറഞ്ഞ നിരഞ്ജനയുടെ ‘ചിരസ്മരണ’യെ ആസ്പദമാക്കി സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യന്‍ രാഷ്ട്രീയ ചിത്രം തന്നെയായിരുന്നു.എം മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികള്‍’ നോവലിനേക്കാള്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ദൃശ്യകാവ്യമാക്കാന്‍ ലെനിന്‍ രാജേന്ദ്രന് കഴിഞ്ഞു.മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി ‘മഴ’യെന്ന പേരില്‍ ചലച്ചിത്രമായപ്പോള്‍ അതിലെ പ്രണയവും വിരഹവും വേര്‍പാടും വേദനകളുമെല്ലാം അതേപോലെ പ്രേക്ഷകരില്‍ അനുഭവവേദ്യമായി.