തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും.ഇന്ന് ഉച്ചയോടെയാണ് സര്‍ക്കാര്‍ മോഹന്‍ലാലിന് ഔദ്യോഗികമായി കത്ത് നല്‍കിയത്.ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ മറുപടിയും നല്‍കിക്കഴിഞ്ഞു.
മോഹന്‍ലാലിനെ വിശിഷ്ടാതിഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം ഒപ്പുശേഖരണം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോഴും സര്‍ക്കാര്‍ നിലപാടില്‍നിന്നും പിന്നോട്ടു പോയില്ല.ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സാംസ്‌കാരികവേദികളെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു.അതേസമയം പ്രതിഷേധത്തില്‍നിന്നും പിന്നോട്ടില്ലെന്നാണ് ഡോക്ടര്‍ ബിജു സൂചിപ്പിച്ചത്.പ്രതിഷേധം മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരല്ലെന്നും മുഖ്യാതിഥിയായി ആരും വേണ്ട എന്നുള്ളതാണ് നിലപാടെന്നും ജൂറി അംഗം കൂടിയായ ഡോക്ടര്‍ ബിജുവും അവാര്‍ഡ് ജേതാവ് ദീപേഷും അറിയിച്ചത്.
അതിഥിയായി മോഹന്‍ലാല്‍ വന്നാല്‍ അവാര്‍ഡ് ജേതാക്കളുടെ തിളക്കം കുറയുമെന്ന വാദം മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് തള്ളിയിരുന്നു.മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജും ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥശിവയും വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിനെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് അമ്മയും ഫെഫ്കയും അടക്കം ആറ് ചലച്ചിത്ര സംഘടനകള്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ഓഗസ്റ്റ് എട്ടിനാണ് ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങ്.