തിരുവനന്തപുരം: കോടതിയില്‍ നിന്നും കുറ്റവിമുക്തരായി ആദ്യം തിരിച്ചെത്തുന്ന എം.എല്‍.എമാരിലൊരാള്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍.സി.പി ആക്ടിങ് പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍. എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും എതിരായ ആരോപണങ്ങള്‍ കോടതിയിലാണ്. കോടതിയില്‍ നിന്നും കുറ്റവിമുക്തരായി ആദ്യം ആരു തിരിച്ചെത്തുന്നോ അവര്‍ വീണ്ടും മന്ത്രിയാവും. അതുവരെ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്ന് ഉറപ്പുലഭിച്ചതായും പീതാംബരന് മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ നിരപരാധിത്വം മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ രാജിക്കത്തില്‍ ഉപാധിയൊന്നും വച്ചിട്ടില്ല. കായല്‍ കൈയേറ്റത്തിലെ കോടതിവിധി ചാണ്ടിക്ക് എതിരല്ല. എന്നാല്‍, കോടതിയുടെ പരാമര്‍ശം മുന്നണിക്കും സര്‍ക്കാരിനും പ്രശ്നമുണ്ടാക്കി. കേന്ദ്രനേതൃത്വവുമായി ആലോചിച്ചാണ് രാജി തീരുമാനമെടുത്തത്. ചാനല്‍ ചര്‍ച്ചകളിലെ അന്തരീക്ഷമാണ് രാജിക്ക് സാഹചര്യമൊരുക്കിയത്. ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടിനെ മന്ത്രി എതിര്‍ത്തിട്ടില്ല. റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്തണമെന്നാണ് ആവശ്യപ്പെട്ടത്. തോമസ് ചാണ്ടിക്കെതിരെ ആരും അഴിമതി ഉന്നയിച്ചിട്ടില്ല. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.