തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ വി എ രാജീവിന്റെ കൊലപാതത്തില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

അറസ്റ്റിലായ ഉദയഭാനു നവംബര്‍ രണ്ട് മുതല്‍ റിമാന്‍ഡിലായിരുന്നു. കേസില്‍ ഉദയഭാനുവിനെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. ഒന്‍പതാം തീയതി രാവിലെ 11 വരെ ഉദയഭാനുവിനെ ചോദ്യം ചെയ്യാം. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

നവംബര്‍ ഒന്നിന് രാത്രി 11. 30 യോടെയാണ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്ന് ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയ ഉദയഭാനുവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഒക്ടോബര്‍ 31 ന് ഹൈക്കോടതി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിക്കുകയാണ് ഉദയഭാനു ചെയ്തത്. കേസിലെ ആദ്യ നാലുപ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് കൊലപാതകമെന്നും താന്‍ രാജീവിനെ കൊല്ലാന്‍ ആരോടും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഉദയഭാനു പഠിച്ച മറുപടികള്‍ പറയുകയാണെന്നാണ് പൊലീസിന്റെ വാദം.