കൊച്ചി:ചിത്തിര ആട്ടവിശേഷപുജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ആചാര ലംഘനം നടത്തിയെന്നും 52 വയസുള്ള ലളിതയെന്ന സ്ത്രീയെ പ്രായം കുറവാണെന്ന സംശയത്താല്‍ പ്രതിഷേധക്കാര്‍ തടഞ്ഞെന്നുമായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്.ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി,ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് തുടങ്ങിയവര്‍ ആചാര ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മണ്ഡല കാലത്തും സംഘര്‍ഷസാധ്യതയുണ്ടെന്നും പ്രതിഷേധ പരിപാടികള്‍ നിന്ന് പിന്‍മാറാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.ഇത് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്.ഇക്കാര്യത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.