ന്യൂഡല്‍ഹി:എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരെ കൂടാതെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 16 പ്രതികളുണ്ട്.
2006-ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ മകന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.ചിദംബരം അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
എയര്‍സെല്‍ കമ്പനിക്ക് 600 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. ഈ കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ ആരോപണം.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കാര്‍ത്തിക്കെതിരെ കഴിഞ്ഞ മാസം എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം നല്‍കിയിരുന്നു.കുറ്റപത്രത്തില്‍ ചിദംബരത്തിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതിയാക്കിയിട്ടില്ല.