ന്യൂഡല്‍ഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇതിന്‍മേല്‍ കോടതി ഉത്തരവിടും.ചീഫ് ജസ്റ്റിനെതിരായ ആരോപണം ഗുരുതരമാണെന്നും അന്വേഷണത്തിന് എസ്ഐറ്റി സംഘത്തെ നിയോഗിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.അതേസമയം ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്നു വെളിപ്പെടുത്തിയ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് മുദ്രവെച്ച കവറില്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
ചീഫ് ജസ്റ്റിസിനെതായ യുവതിയുടെ പരാതിയും ഗൂഢാലോചനയും രണ്ടായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് വാദത്തിനിടെ സുപ്രീകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടും രണ്ട് വിഷയങ്ങളാണെന്നും യുവതിയുടെ പരാതിയെ ഇത് ബാധിക്കില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതിയെ റിമോട്ട് കണ്‍ട്രോളിന് കീഴിലാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അനുവദിച്ചാല്‍ സുപ്രീം കോടതിയെന്ന സ്ഥാപനം തന്നെ നിലനില്‍ക്കില്ലെന്നും അരുണ്‍മിശ്ര പറഞ്ഞു. ദിവസവും ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം പുറത്തു വരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ സത്യം പുറത്തു വരണമെന്നും അരുണ്‍ മിശ്ര പറഞ്ഞു.