ആലപ്പുഴ:ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി.അടഞ്ഞുകിടന്ന മുഴുവന്‍ വീടുകളിലും പോയി പരിശോധിച്ച് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ദൗത്യം അവസാനിപ്പിച്ചതെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രക്ഷാദൗത്യത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച മല്‍സ്യത്തൊഴിലാളികളോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
ചെങ്ങന്നൂരിലെ പാണ്ടനാട്,തിരുവന്‍വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നു.വീടൊഴിയാന്‍ വിസമ്മതിക്കുന്നവര്‍ മാത്രമാണ് ഇനി ഇവിടങ്ങളില്‍ തുടരുന്നത്.പ്രദേശത്ത് വെള്ളമൊഴിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി  പുനഃസ്ഥാപിച്ചു.ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നുള്ള പരിശോധന വാര്‍ഡുകള്‍ തോറും ഇനിയും തുടരും.
പ്രളയക്കെടുതിയില്‍ മണ്ഡലത്തില്‍ 10 പേരാണ് മരിച്ചത്.ഇതില്‍ എട്ട് മരണങ്ങള്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് സംഭവിച്ചത്.ബാക്കിയുള്ള രണ്ടുപേര്‍ പെരളശേരിയിലാണ് മരണമടഞ്ഞത്.വെള്ളത്തില്‍ വീണു ആരും മരിച്ചിട്ടില്ല.85,000 പേരെയാണ് വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചത്.                                                                               ജില്ലാ കലക്ടര്‍, പൊലീസ്, റവന്യു വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തോടെ രക്ഷാദൗത്യം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു.ദുരിതാശ്വാസ ക്യാമ്പുകളിലെ പോരായ്മകള്‍ പരിഹരിക്കാനും ശ്രമം തുടരുന്നു.1200 ഓളം ക്യാംപുകളിലായി രണ്ടുലക്ഷം പേരാണ് കഴിയുന്നത്.
വിഷയത്തില്‍ താന്‍ വൈകാരികമായി പ്രതികരിച്ചതായി തോന്നിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിരുന്നു.ഇതോടെ നേവിയുടേതടക്കം സേവനം ലഭ്യമാവുകയും,രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സൈന്യത്തിന്റെ സേവനം ഇനിയും ചെങ്ങന്നൂരില്‍ തുടരും.ചെങ്ങന്നൂരില്‍ നാലുലക്ഷം ജനസംഖ്യയുള്ളതില്‍ 1,60,000 പേരെ പ്രളയം ബാധിച്ചു.
കര നാവിക സേനകളും 193 ബോട്ടുകളിലെത്തിയ 1200 മത്സ്യത്തൊഴിലാളികളും എന്‍ ഡി ആര്‍ എഫ്, സി ഐ എസ് എഫ്, പൊലീസ്, ഫയര്‍ ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, റവന്യു, വനം ഉദ്യോഗസ്ഥരാണ് അഞ്ച് നാള്‍ നീണ്ട വിശ്രമരഹിത ദൗത്യത്തിന് നേതൃത്വം നല്‍കിയത്.