ചെങ്ങന്നൂര്‍:പ്രളയം വിഴുങ്ങുന്ന ചെങ്ങന്നൂരിലേക്ക് ഉടന്‍ സൈന്യത്തെ അയച്ചില്ലെങ്കില്‍
ആയിരങ്ങള്‍ മരിച്ചുവീഴുമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍.ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് വേദനയോടെ അദ്ദേഹം നിലവിലെ ഗുരുതരമായ സാഹചര്യം വെളിപ്പെടുത്തിയത്.’ഒരു ഹെലികോപ്റ്ററെങ്കിലും അയച്ചുതാ,ഞാന്‍ നിങ്ങളുടെ കാലു പിടിക്കുകയാണ്’.സജി ചെറിയാന്റെ വാക്കുകള്‍ ആരുടേയും ഉള്ളുലയ്ക്കുന്നതാണ്.നിരവധി തവണ യാചിച്ചു പറഞ്ഞിട്ടും ഹെലികോപ്റ്റര്‍ അയച്ചില്ലെന്നും അദ്ദേഹം പറയുന്നു.
അതിജീവനത്തിന്റെ മൂന്നാമത്തെ ദിവസം കടക്കുകയാണ് ചെങ്ങന്നൂരിലെ പാവപ്പെട്ട മനുഷ്യര്‍.പാണ്ടനാട്,മാന്നാര്‍,ബുധനൂര്‍,ചെന്നിത്തല,വെണ്‍മണി തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
പ്രായമായവര്‍,കുട്ടികള്‍ തുടങ്ങിയവരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്.നിരവധി വീടുകള്‍ ഒറ്റപ്പെട്ടനിലയിലാണ്.ഇവിടുള്ളവരെക്കുറിച്ച് യാതൊരു വിവരവും പുറം ലോകത്തെത്തിയിട്ടില്ല.മൊബൈല്‍ഫോണുള്‍പ്പെടെ യാതൊരു ആശയ വിനിമയ സംവിധാനങ്ങളുമില്ലാതെ കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാതെ എത്രയധികം ആളുകള്‍ ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും കൃത്യമായ വിവരവുമില്ല.ഒഴുക്കു കൂടുതലായതിനാല്‍
രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടങ്ങളില്‍ എത്തിച്ചേരാനാവാത്ത സാഹചര്യമാണ്.അതുകൊണ്ടു കൂടിയാണ് സൈന്യത്തെ എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് സജിചെറിയാന്‍ പറയുന്നത്.
ഇന്ന് ഒരു വീട്ടില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.ഇവിടെയെത്തിയ രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നാവികസേനയുടേയും മറ്റും വലിയ ബോട്ടുകള്‍ എത്തിപ്പെടാനാവാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ എയര്‍ ലിഫ്റ്റിങ്ങിലൂടെ മാത്രമേ ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാവുകയുള്ളു.