തിരുവനന്തപുരം:പ്രളയക്കെടുതി അതീവ രൂക്ഷമായ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെ രക്ഷിക്കാന്‍ ഇന്ന് കൂടുതല്‍ ബോട്ടുകളും ഹെലികോപറ്റ്‌റുകളും എത്തി.മഴ തുടരുന്ന സാഹചര്യത്തില്‍ ഉള്‍പ്രദേശങ്ങളിലേക്കെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.നദികളിലെ വെള്ളത്തിന്റെ കുത്തൊഴുക്കു കാരണം ചെറുവള്ളങ്ങള്‍ക്ക് മുന്നോട്ടുപേകാനാവാത്ത സാഹചര്യമാണുള്ളത്.50 അംഗങ്ങളുള്ള നാവികസേനയെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.
പാണ്ടനാട്, ചെങ്ങന്നൂര്‍ നഗരം തുടങ്ങിയ മേഖലയില്‍ രാവിലെ ആറു മണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.കൊല്ലുകടവ് പാലത്തിനടുത്തുള്ള ചപ്പാത്തില്‍ വെള്ളം കയറിയത് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.അതുകൊണ്ട് ഈ ഭാഗങ്ങളിലേക്ക് ബോട്ടുകള്‍എത്തിക്കാനാവുന്നില്ല.മല്‍സ്യബന്ധനബോട്ടുകളുമായെത്തിയ ലോറികള്‍ വിവിധറോഡുകളില്‍ കിടക്കുകയാണ്. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടത്താന്‍ ശ്രമിക്കുന്നത്.ഇവിടേക്ക് നാല് ഹെലികോപ്റ്ററുകള്‍ കൂടി പുറപ്പെട്ടിട്ടുണ്ട്.
വെള്ളം കയറി മൂന്നു ദിവസമായപ്പോഴും ചെങ്ങന്നൂര്‍,ആറന്മുള തുടങ്ങി പലയിടങ്ങളിലും എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ വിവരമില്ല.ഉള്‍പ്രദേശങ്ങളില്‍ ഭക്ഷണവും വെള്ളവും എത്തിക്കാനായിട്ടില്ല.എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ നാട്ടുകാര്‍ തന്നെ പഴങ്ങളും മറ്റു ഭക്ഷണസാധനങ്ങളും എത്തിച്ചു കൊടുത്തിരുന്നു.ഭക്ഷണവും,വെള്ളവും മരുന്ന് ആവശ്യമുള്ള രോഗികളും കുട്ടികളുമടക്കം ആയിരങ്ങളെ ഉടന്‍ രക്ഷിക്കാനായില്ലെങ്കില്‍ സംസ്ഥാനം വലിയ ദുരന്തത്തെയായിരിക്കും നേരിടേണ്ടിവരിക.
ഹെലിക്കോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും അത്ര എളുപ്പമല്ല.മരങ്ങള്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ വീടുകള്‍ കണ്ടെത്താനും ഹെലികോപ്റ്റര്‍ താഴ്ത്താനും സാധിക്കില്ല.മൊബൈല്‍ ടവറുകളും ഹെലികോപ്റ്ററുകള്‍ക്ക് തടസ്സമാണ്.
പമ്പയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് താഴുന്നതായാണ് വിവരം. പമ്പാനദി കുറുകെ കടക്കാന്‍ ഇരട്ട എഞ്ചിനുള്ള ബോട്ടുകളാണ് ആറന്മുളയില്‍ എത്തിച്ചിരിക്കുന്നത്.കോയിപ്പുറം,പൂവത്തൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഈ ബോട്ടുകള്‍ ഉപയോഗിക്കും.