മനില: ഇന്ത്യ-പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തിന് പരോക്ഷമായ മുന്നറിയിപ്പു നല്‍കി സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഇന്ന് ഔദ്യോഗിക തുടക്കം.  ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണു മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒരുമിക്കുന്നത്.

ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ സൈനിക ഇടപെടല്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍, സഖ്യത്തിന്റെ ഓരോ നീക്കവും നിര്‍ണായകമാകും. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങള്‍ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയില്‍ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളില്‍ അറിയിച്ചു. സഖ്യത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുര്‍രാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.