ദില്ലി:റഫാല്‍ കേസുമായി ബന്ധപ്പെട്ട് ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്ന താന്‍ പറഞ്ഞത് സുപ്രീംകോടതിയും അംഗീകരിച്ചെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു. നേരത്തേ സുപ്രീംകോടതിയില്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്ന് ബിജെപി വാദിച്ചു.
‘ചൗകീദാര്‍ ചോര്‍ ഹേ’ എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയോട് നിര്‍ദേശിച്ചു.
രാഹുല്‍ കോടതിയെത്തന്നെ അപമാനിക്കുകയാണെന്നും രാഹുല്‍ നിരുപാധികം മാപ്പ് പറഞ്ഞേ തീരൂവെന്നും രാഹുലിനെതിരെ കോടതിയെ സമീപിച്ച മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മനു അഭിഷേക് സിങ്‌വി അറിയിച്ചെങ്കിലും പോര, നിരുപാധികം മാപ്പ് തന്നെ പറയണമെന്ന് റോത്തഗി ആവശ്യപ്പെടുകയായിരുന്നു.ഒടുവില്‍ നിരുപാധികം മാപ്പ് പറയുന്നുവെന്ന് രാഹുലിന് വേണ്ടി സിംഗ്‌വി കോടതിയില്‍ പറഞ്ഞു.