തിരുവനന്തപുരം:ഒന്നിനും തടസ്സമുണ്ടാക്കില്ലെന്ന് പണിമുടക്കിനു മുന്‍പ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞതെല്ലാം പാഴായി.ഗതാഗതം തടസ്സപ്പെടുത്തിയും കടകള്‍ അടപ്പിച്ചും സമരാനുകൂലികള്‍ രണ്ടാം ദിവസവും സംസ്ഥാനത്താകമാനം ജനജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണ്.സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ സുഗമമായി ഓടുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് ഇത്തവണ പണിമുടക്കുകാര്‍ ശരിക്കും പണികൊടുത്തത്. സംസ്ഥാനത്താകമാനം ട്രെയിനുകള്‍ വ്യാപമായി തടഞ്ഞത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബാധിച്ചത്. അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്ള അയ്യപ്പഭക്തരടക്കം പലയിടത്തും കുടുങ്ങിയ അവസ്ഥയാണ്. കെഎസ്ആര്‍ടിസിയും ശബരിമല സര്‍വീസ് ഒഴികെ ഓടാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാരും വിഷമത്തിലായി.
പണിമുടക്കിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്.ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനുമാണ് കേസ്.പണിമുടക്കിയ തൊഴിലാളികള്‍ തീവണ്ടികളും സ്വകാര്യവാഹനങ്ങളും തടഞ്ഞാണ് പ്രതിഷേധിച്ചത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാവിലെ വേണാട് എക്‌സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് എത്തി നീക്കി.തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.ആലപ്പുഴയില്‍ ട്രെയിന്‍ തടഞ്ഞതിന് 100 പേര്‍ക്കെതിരെ കേസെടുത്തു.തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കം 20 പേരെ പ്രതികളാക്കി കേസെടുത്തു.പാലക്കാട് ട്രെയിന്‍ തടഞ്ഞതില്‍ 15 പേര്‍ക്കെതിരെയും കേസെടുത്തു.സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചതിന് കേസെടുത്തു.