തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ടൂറിസം ആസൂത്രണ പ്രക്രിയയായ പെപ്പറിന്റെ ഉദ്ഘാടനം  വെള്ളിയാഴ്ച്ച വൈക്കത്ത് നടക്കും.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മേഖലയില്‍ ഉയര്‍ന്നുവരേണ്ട കേന്ദ്രങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനും അതാത് പ്രദേശത്ത് ടൂറിസം മേഖലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്ന ആസൂത്രണ പ്രക്രിയയാണ് പെപ്പറിലൂടെ ലക്ഷ്യമിടുന്നത്.
പെപ്പര്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി വൈക്കത്താണ് നടപ്പാക്കുന്നത്. വൈക്കത്തിന്റെ ടൂറിസം വികസനത്തിനും സംസ്ഥാനത്തെ ജനപക്ഷ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് പകരാന്‍ പെപ്പറിനാകുമെന്നാണ് കണക്കാക്കുന്നത്. വൈക്കം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി മുഖ്യാതിഥിയാകും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ പദ്ധതി അവതരണം നടത്തും.