തിരുവനന്തപുരം: നെഹ്രുവും മോഡിയും തമ്മിലുള്ള വ്യത്യാസം ജനാധിപത്യത്തില്‍ നിന്നും ഫാസിസത്തിലേക്കുള്ള ദൂരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ അഭിപ്രായപ്പെട്ടു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129-ാം ജയന്തിദിനാഘോഷം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപതിയായ മോഡി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ജനാധിപത്യത്തിന് മേല്‍ ഫാസിസം മേല്‍ക്കൈ നേടിയിരിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ഇല്ലാതാക്കിയും വര്‍ഗീയത വളര്‍ത്തിയും മതനിരപേക്ഷത തകര്‍ക്കാനാണ് മോഡിയുടെ ശ്രമം. നരേന്ദ്ര മോഡിയുടെ സംഭാവന ഭരണകൂട വര്‍ഗീയതയാണ്.ജനാധിപത്യം വെല്ലുവിളി നേരിടുന്നു.

സോഷ്യലിസത്തിന്റെ സ്ഥാനം മുതലാളിത്തം കയ്യടക്കി. ഏകാധിപതികള്‍ക്കെല്ലാം ഒരേ സ്വരമാണ്. അവര്‍ വര്‍ഗീയതയെയാണ് പുണരുന്നത്. രാജ്യത്ത് നല്ലദിനം വരുന്നുയെന്ന് പറഞ്ഞ് ജര്‍മ്മനിയില്‍ അധികാരത്തിലെത്തിയ ഹിറ്റ്ലറിന്റെ അതേവാക്കുകള്‍ കടമെടുത്ത്  അച്ചാദിന്‍ വാഗ്ദാനം ചെയ്താണ് നരേന്ദ്രമോഡി ഇന്ത്യയില്‍ പ്രധാനമന്ത്രിയായത്. പശുവിന്റേയും പള്ളിയുടേയും പേരിലുള്ള കൊലപാതകങ്ങളെ ബി.ജെ.പി. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.

വര്‍ഗീയതയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത വ്യക്തിയായിരുന്നു നെഹ്രു. ആധുനിക ഇന്ത്യയ്ക്ക് നെഹ്രു രൂപം നല്‍കിയത് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയുടെ അടിത്തറയിലാണ്. അത് തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ നയവും. കോണ്‍ഗ്രസ് മുക്തഭാരതത്തിനായി മഹത്തരമായ ജനാധിപത്യത്തിന് അടിത്തറപാകിയ   മഹാത്മഗാന്ധി, നെഹ്രു ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ തമസ്‌കരിക്കുന്നു. ആര്‍.എസ്.എസിനെ നിരോധിച്ച ആഭ്യന്തര സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഉയര്‍ത്തികാട്ടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യതയില്ലെന്നും ഹസന്‍ പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്ഘടനയെ മോഡി താറുമാറാക്കി. ബുദ്ധിമാന്ദ്യം കൊണ്ട് സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വികസനപുരോഗതിക്ക് ആസൂത്രിതമായ നടപടികളാണ് നെഹ്രുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് ഭരണ നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ നരേന്ദ്ര മോഡി ആസൂത്രണം  കമ്മീഷനെ ഇല്ലാതാക്കി നീതിയായോഗ് നടപ്പിലാക്കി. പ്ലാനിംഗ് കമ്മീഷന്റെ അഭാവം ഇന്ന് ജനം തിരിച്ചറിയുന്നുവെന്നും ഹസന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരാഭവനില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സ്വാഗതം പറഞ്ഞു. കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, ശരത്ചന്ദ്ര പ്രസാദ്, കരകുളം കൃഷ്ണപിള്ള, ആര്‍.വത്സലന്‍, പി.കെ. വേണുഗോപാല്‍, ശാസ്തമംഗലം മോഹനന്‍, വിജയന്‍ തോമസ്, ജി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.