തിരുവനന്തപുരം:വീടിന് ജപ്തിനോട്ടീസ് വന്നതിനെത്തുടര്‍ന്ന് മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിനി ലേഖയും മരിച്ചു.അമ്മയ്‌ക്കൊപ്പം തീകൊളുത്തിയ ഇവരുടെ മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. തൊണ്ണൂറു ശതമാനത്തിലധികം പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച ലേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം ജപ്തി നടപടികളെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ പൊലീസ് കേസെടുക്കും.ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടും സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയത്.സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.