ജമ്മുകാശ്മീര്‍:ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.നാല്‍പ്പതിലധികം പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്ഫോടനം നടത്തിയത്.ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്സ്പ്‌ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്ഫോടനം.സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ജെയ്ഷ് ഇ മുഹമ്മദ് ചാവേര്‍ സ്‌ക്വാഡിന്റെ നേതാവ് ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.