രണ്ടു ദശകത്തിലേറെയായി സി പി എം കേരള ഘടകത്തെ തങ്ങളുടെ ആധിപത്യത്തില്‍ തളച്ചിട്ടിരിക്കുന്ന കണ്ണൂര്‍ ലോബി ഉള്പ്പോരിനാല് ദുര്‍ബലമാവുകയാണ്. കേരളത്തിലെ മറ്റു ജില്ലാ കമ്മിറ്റികള്ക്കില്ലാത്ത അപ്രമാദിത്തം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കുണ്ടായിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരേ ജില്ലക്കാരായി തീര്‍ന്നത് ഈ അപ്രമാദിത്തം കാരണമായിരുന്നു. പിണറായിക്കും കോടിയേരിക്കും പുറമെ മൂന്ന് ജയരാജന്മാരും ചേര്‍ന്നാല്‍ പാര്‍ട്ടിക്കകത്തും പുറത്തും എന്തുമാകാമെന്ന നിലവന്നു. കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് നിരക്കാത്ത പലതും ഇവര്‍ പാര്‍ട്ടിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിട്ടും പോളിറ്റ്ബ്യൂറോ വരെയുള്ള പാര്‍ട്ടി ഘടകങ്ങള്‍ക്ക് അത് അംഗീകരിക്കേണ്ടി വന്നു. ഇവര്‍ക്ക് തോന്നുന്നതൊക്കെ പാര്‍ട്ടി പ്രമാണമായി മാറി.
പാര്‍ട്ടിയും ഭരണവും ഒരേ ലോബി തന്നെ കൈയടക്കിയപ്പോള്‍ മറ്റു നേതാക്കളും ജില്ലാ കമ്മിറ്റികളും കണ്ണൂര്‍ പാര്‍ട്ടിയുടെ വിറക് വെട്ടികളും വെള്ളം കോരികളുമായി തീര്‍ന്നു. ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത അധികാര കുത്തക അവരെ ഏകാധിപതികളും തന്നിഷ്ടക്കാരുമാക്കി മാറ്റി. ഇവരുടെ നേതൃത്വം പാര്‍ട്ടിക്ക് ഭീകര രൂപം സൃഷ്ടിച്ചു. പാര്‍ട്ടി അച്ചടക്കവും നിയന്ത്രണവും വിട്ടു ഇവര്‍ വളയമില്ലാതെ ചാടാന്‍ തുടങ്ങി. ആദ്യം ചാട്ടം പിഴച്ച മന്ത്രിയായിരുന്നു ഇ പി ജയരാജന്. ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നത് ഗ്രൂപ്പിനകത്തെ ഗ്രൂപ്പിസം കാരണമായിരുന്നു. ഇപ്പോഴിതാ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും പാര്‍ട്ടിക്കകത്ത് അമര്‍ഷവും രോഷവും പുകയുകയാണ്. പാര്‍ട്ടി ഘടകങ്ങളില്‍ സമ്മേളനം നടന്നുകൊണ്ടിരിക്കെ തന്നെ വാഴ്ത്തുന്ന ഡോക്യുമെന്ററിയും സംഗീത ആല്‍ബവും ഇറക്കിക്കൊണ്ടാണ് പി ജയരാജന് പാര്‍ട്ടിക്ക് മീതെ പറക്കാന്‍ തുടങ്ങിയത്. അന്തരിച്ച ഇ കെ നായനാര്‍ക്കോ, ചടയന്‍ ഗോവിന്ദനോ ലഭിക്കാത്ത പ്രസക്തിയോടെയും പ്രാധാന്യത്തോടെയുമാണ് പി ജയരാജന് പാര്‍ട്ടിക്കകത്തെ ആള്‍ദൈവമായി മാറിയത്. ഡോക്യുമെന്ററിയും ആല്‍ബവും വരുന്നതിന് മുമ്പ് തന്നെ ജയരാജനെ ബിംബവല്ക്കരിക്കാനുള്ള ശ്രമം അദ്ദേഹം തന്നെ പാര്‍ട്ടിക്കകത്ത് നടപ്പാക്കിക്കൊണ്ടിരുന്നു.
പിണറായിയുടെ കേരളയാത്രയുടെ വേളയില്‍ പിണറായിയെ അര്‍ജുനനായും ജയരാജനെ തേര് തെളിക്കുന്ന കൃഷ്ണനായും ചിത്രീകരിച്ച ഫ്ളെക്സ് ബോര്‍ഡുകള്‍ കൊണ്ട് ജില്ലയാകെ നിറച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അമ്പാടിമുക്കില്‍ സ്ഥാപിച്ച ബോര്‍ഡ് ആഭ്യന്തരമന്ത്രി പി ജയരാജന് പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കുന്ന രംഗം ചിത്രീകരിച്ചു കൊണ്ടായിരുന്നു. തന്റെ ഭൂതഗണങ്ങളെക്കൊണ്ട് ഇതൊക്കെ ജയരാജന് നിര്‍ദ്ദേശം നല്കി ചെയ്യിക്കുമ്പോള്‍ ഇത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്തതാണെന്ന് വിലക്കാന്‍ ഒരാള്‍ പോലും ധൈര്യപ്പെട്ടില്ല. കണ്ണൂരിലെ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനം പി ജയരാജന് കൈയിലെടുത്തതോടെയാണ് കണ്ണൂരില്‍ ഇത്രയേറെ മനുഷ്യ ശിരസ്സുകള്‍ ഉരുളാനും ചോരപ്പുഴ ഒഴുകാനും തുടങ്ങിയത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി കൂട്ട് എന്ന നിലയിലാണ് ജയരാജന് കയ്യറപ്പ് തീര്‍ന്ന കൊല സംഘത്തെ കണ്ണൂരില്‍ വളര്‍ത്തിക്കൊണ്ടു വന്നത്. കണ്ണൂരില്‍ എവിടെ അക്രമവും കൊലപാതകവും നടന്നാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ പി ജയരാജന്റെ പങ്കിനെക്കുറിച്ചറിയാന് പാഴൂര്‍പടി വരെ പോകേണ്ടതില്ല.
പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നപ്പോഴും ജയരാജന്റെ വാഴ്ചയ്ക്ക് കണ്ണൂരില്‍ ഒട്ടും ഇടിവുണ്ടായിരുന്നില്ല. കണ്ണൂര്‍ പാര്‍ട്ടിയുടെ നയം പാര്‍ട്ടി നയമാക്കി മാറ്റാന്‍ എന്നും ജയരാജന് സാധിച്ചിരുന്നു. പിണറായിക്കും കോടിയേരിക്കും ഇന്നുള്ള ഭരണവും പാര്‍ട്ടി കസേരകളും ലഭ്യമാക്കാന്‍ അരുതാത്ത പലതും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരായിരുന്നു മൂന്ന് ജയരാജന്മാരും. ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ന്യൂനപക്ഷ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിച്ച ജയരാജന് ഭൂരിപക്ഷ വര്‍ഗീയതയെ തൃപ്തിപ്പെടുത്താന്‍ പാര്‍ട്ടി ഘടകങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവങ്ങളും സംഘടിപ്പിച്ചു. ഇതൊക്കെ ഒടുവില്‍ പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്ക് അംഗീകരിക്കേണ്ടി വന്നു. സി പി എം ഭരിക്കുമ്പോള്‍ തന്നെയായിരുന്നു പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് വരാന്തയില്‍ മൈക്ക് കെട്ടി പൊലീസിനെതിരെ ഇദ്ദേഹം പ്രസംഗിച്ചത്. ജയരാജന് ആജ്ഞാപിക്കുന്നതും ചാവേറുകള്‍ നടപ്പാക്കുന്നതുമായ താലിബാന് മോഡല്‍ വിചാരണയ്ക്കും കൊലപാതകങ്ങള്‍ക്കും കണ്ണൂരില്‍ അറുതി കണ്ടിട്ടില്ല.
സ്റ്റാലിന് മുതലുള്ള എല്ലാ കമ്യൂണിസ്റ്റ് ഏകാധിപതികളും ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ സ്വന്തം പ്രതിമ സ്ഥാപിക്കുകയും സിനിമയിലും സാഹിത്യത്തിലും തങ്ങളെ ബിംബവല്ക്കരിക്കുകയും ചെയ്തവരാണ്. അധികാരവും അഹന്തയും മൂത്തപ്പോള്‍ ജയരാജനും ഇത്തരം സ്വയം പുകഴ്ത്തലുകള്ക്ക് അനുചരന്മാരെ ചെല്ലും ചെലവും കൊടുത്തു പ്രേരിപ്പിച്ചു. പാര്‍ട്ടി യോഗത്തില്‍ ഇതാദ്യമായി ജയരാജന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ നടപടിക്ക് കോടിയേരി തയ്യാറായത് നാണക്കേട് മറച്ചുവെയ്ക്കാനുള്ള വിഫല ശ്രമം മാത്രമാണ്.