ഇസ്ലാമാബാദ്: തീവ്രവാദി സംഘടനയായ
ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന്റെ ഇളയ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഗറിനെയടക്കം സംഘടനയിലെ 44 പ്രവര്‍ത്തകരെ പിടികൂടിയതായി പാകിസ്താന്‍. നിലവില്‍ ഇവരെല്ലാം കരുതല്‍ തടവില്‍ ആണെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ ആഭ്യന്തര ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദിയും പാകിസ്ഥാന്‍ അഭ്യന്തര സെക്രട്ടറി മേജര്‍ അസം സുലൈമാന്‍ ഖാനും പത്രസമ്മേളനത്തിലാണ് ജയ്‌ഷെ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായ വിവരം സ്ഥിരീകരിച്ചത്.
പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കരുതല്‍ തടങ്കലെന്നും മന്ത്രി പറഞ്ഞു. പുതിയ പാകിസ്ഥാനില്‍ അനീതിക്ക് സ്ഥാനമില്ലെന്നും യാതൊരു വേര്‍തിരിവും കാണിക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അഭ്യന്തരസഹമന്ത്രി ഷെഹരീയാര്‍ ഖാന്‍ അഫ്രീദി പറഞ്ഞു.
എന്നാല്‍ പുല്‍വാമ ആക്രമണമുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടും തെളിവുകള്‍ ശക്തമല്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്.ശക്തമായ തെളിവുകള്‍ ലഭിക്കാത്തപക്ഷം പിടികൂടിയവരെ വിട്ടയക്കുമെന്നും പാകിസ്ഥാന്‍ പറയുന്നു.