അഹമ്മദാബാദ്: അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ തുടര്‍വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും ദി വയര്‍ വെബ്‌സൈറ്റിന് അഹമ്മദബാദ് സിവില്‍ കോടതിയുടെ വിലക്ക്. വെബ്‌സൈറ്റ് തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കവേയാണ് വിധി. കേസ് ദിപാവലി അവധിക്ക് ശേഷം പരിഗണിക്കും.

ജയ് ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍െ്രെപസസിന്റെ വരുമാനത്തില്‍ അവിശ്വസനീയ വര്‍ധനയുണ്ടായി എന്നയായിരുന്നു ദി വയര്‍ പുറത്തുവിട്ട വാര്‍ത്ത. ഇതിനെതിരെ ദി വയറിനും അവിടുത്തെ ഏഴ് പേര്‍ക്കുമെതിരെ ജയ് ഷാ 100 കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ട് കേസ് നല്‍കുകയായിരുന്നു.

കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെയാണ് വിലക്ക. ഈ വാര്‍ത്തയില്‍ തുടര്‍വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദി വയര്‍ അധികൃതര്‍ അറിയിച്ചു.