കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.പീഡനം സ്ഥിരീകരിച്ചതോടെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചു കഴിഞ്ഞു.കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി.പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ ശേഷം തുടര്‍നടപടികളെടുക്കും.
ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയതിന്റെ തെളിവുകള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീയുടെ ഫോണ്‍ ജലന്ധറില്‍വെച്ച് നഷ്ടമായിരുന്നു. ഇത് കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങിക്കഴിഞ്ഞു.