ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.നിയമനം ഉടന്‍ ഉണ്ടാകും.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുകളും സുപ്രീംകോടതി ജഡ്ജിയാകുവാന്‍ കേന്ദ്രം അംഗീകരിച്ചു.
മുതിര്‍ന്ന അഭിഭാഷക ഇന്ദുമല്‍ഹോത്രയ്‌ക്കൊപ്പം കെ.എം ജോസഫിനെയും സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് കൊളിജിയം കഴിഞ്ഞ ജനുവരിയില്‍ ശുപാര്‍ശ ചെയതിരുന്നു.എന്നാല്‍ ഇന്ദുമല്‍ഹോത്രയെ മാത്രമാണ് സര്‍ക്കാന്‍ നിയമിച്ചത്.കെ എം ജോസഫിനെ ഒഴിവാക്കയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.ഉന്നത ജുഡീഷ്യറിയിലും കെ.എം.ജോസഫിന്റെ നിയമനം വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എപ്രിലില്‍ കൊളീജിയം വീണ്ടും ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പം കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍,കുര്യന്‍ ജോസഫ്,എ കെ സിക്രി എന്നിവടങ്ങിയ കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി ജസ്റ്റിസ് കെ എം ജോസഫ് റദ്ദാക്കിയതാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.ഇതിനുള്ള പ്രതികാരമായാണ് കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിക്കാതിരുന്നത്.സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുന്നതിനു മുമ്പ് ജസ്റ്റിസ് കെ എം ജോസഫിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റണമെന്നും കൊളീജിയം ശുപാര്‍ശയിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തില്ല.
ഒരു പേര് കൊളീജിയം രണ്ടാമതും ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.അതുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിവൃത്തിയില്ലാതെ തീരുമാനമെടുത്തിരിക്കുന്നത്.നിലവിലുള്ള ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരില്‍ ഏറ്റവും സീനിയറാണ് ജസ്റ്റിസ് ജോസഫ്.