കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് വീണ്ടെടുത്തു. നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് കരുതുന്നത്. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ഡോമിലെ വിദഗ്ധരുടെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്.
ജസ്‌ന അയച്ച സന്ദേശങ്ങളും ജസ്‌നയ്ക്ക് വന്ന സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും. പഴയ ഫോണ്‍കോളുകളും മെസേജുകളും ഇതില്‍ ഉള്‍പ്പെടും. ജസ്‌നയുടെ അച്ഛന്റെ മുണ്ടക്കയത്തെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ജസ്‌നയുടെ അച്ഛന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് വീട് പണിയുന്നത്.ഏന്തയാറിലെ നിര്‍മ്മാണം നിലച്ച വീട്ടിലാണ് പരിശോധന നടത്തിയത്. ഡിറ്റക്ടര്‍ ഉപയോഗിച്ചാകും പരിശോധന തുടര്‍ന്ന് നടത്തുകയെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ മുക്കൂട്ടുതറയിലെ വീടും പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാധ്യമായ എല്ലാവഴികളിലൂടെയും അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.
ജസ്‌ന അവസാനമായി വിളിച്ച ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ കഴിഞ്ഞ ദിവസം പൊലീസ് തീരുമാനിച്ചിരുന്നു. ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് നുണപരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചും പൊലീസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. മൂന്ന് മാസം പിന്നിട്ടിട്ടും വിവരമൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ഊര്‍ജ്ജിതമാക്കും. ജസ്‌നയുടെ വീട്ടുകാരെയും വിവരശേഖരണപ്പെട്ടികളില്‍ പേരുള്ള ചിലരെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.