തിരുവനന്തപുരം:വനിതാമതിലിനെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദനും.ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല.ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരത്തിന്റ നീതി ശാസ്ത്രം. എന്‍.എസ്.എസ് പോലെയുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്യൂണിസമെന്നും വി.എസ് പറഞ്ഞു.ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് എന്‍സി ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് വിഎസ് നിലപാടറിയിച്ചത്.
നമുക്ക് എതിര്‍ത്ത് തോല്‍പ്പിക്കാനുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തെയാണ്. സമൂഹത്തില്‍ സവര്‍ണ്ണമേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് അവര്‍ ജാതി സംഘടനകളെ പ്രോല്‍സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുന്നതും. വിഎസ് പറഞ്ഞു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതമതിലിനെതിരെ ഇപ്പോള്‍ തന്നെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ രംഗത്തെത്തിക്കഴിഞ്ഞു. വനിതാ മതില്‍ എന്ന പേരിലുള്ള പരിപാടിയുടെ സംഘാടനത്തില്‍ ഒരു വനിത പോലുമില്ലെന്നതും ആരോപണവിധേയമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗമാണ് വനിതാമതില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വനിതാമതിലില്‍ പങ്കെടുക്കുമെന്നറിയിച്ചുകൊണ്ടു രംഗത്തുവന്നിരിക്കുന്ന സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിരുദ്ധനിലപാടെടുക്കുന്നതും ശ്രദ്ധേയമാണ്.