ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നു സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31വരെ നീട്ടി. ഇത്തരത്തിലുള്ള വിറ്റഴിക്കപ്പെടാത്ത ഉത്പന്നങ്ങളുടെ സ്റ്റോക്ക് വന്‍ തോതില്‍ ഉള്ളതിനെ തുടര്‍ന്ന് വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രി റാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. നേരത്തെ പഴയ എംആര്‍പിക്കൊപ്പം പുതുക്കിയ വില രേഖപ്പെടുത്തിയ പുതിയ സ്റ്റിക്കര്‍ പതിച്ചു സെപ്റ്റംബര്‍ 30 വരെ വില്‍ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്.

പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് മേല്‍ പഴയ എംആര്‍പിക്ക് പകരം ജിഎസ്ടി ഉള്‍പ്പെടുത്തിയുള്ള വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിച്ചു വേണം വില്‍ക്കാന്‍. ആറു ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇങ്ങനെ കെട്ടികിടക്കുന്നുണ്ടെന്ന് വ്യപാരികളുടെ സംഘടന വ്യക്തമാക്കി. ഇതില്‍ അധികവും ഭക്ഷ്യോത്പന്നങ്ങളായതിനാല്‍ വന്‍ നഷ്ടം സഹിക്കേണ്ടി വരുമെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു. വിപ്രോ, എച്ച്പിഎല്‍ തുടങ്ങിയ വന്‍കിട കമ്പനികളും പരാതിയുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.