തിരുവനന്തപുരം: ജിഎസ്ടി ഒരു മാരണമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജിഎസ്ടി ടൂറിസം മേഖലയെ മാത്രമല്ല, രാജ്യത്തെ എല്ലാ മേഖലയേയും സാരമായി ബാധിച്ചു. തലയില്‍ വീണ ആപത്താണ് ജിഎസ്ടി. ഇതു ടൂറിസം മേഖലയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി മീറ്റിങില്‍ പങ്കെടുത്ത വ്യവസായ പ്രതിനിധികള്‍ ജിഎസ്ടി കുറയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ജിഎസ്ടിയില്‍ മാറ്റംവരുത്താന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. നിലവിലെ ജിഎസ്ടി കേരളത്തിന്റെ വ്യവസായ മേഖലയെ ബാധിക്കും. നോട്ടുനിരോധനം പൊതുവില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. ആഭ്യന്തര ടൂറിസത്തേയും നോട്ടുനിരോധനം ബാധിച്ചു. കേരള ട്രാവല്‍മാര്‍ട്ട് പത്താം എഡിഷനുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരളാ ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് എഡിഷന്‍ 2018 സപ്തംബര്‍ 27ന് കൊച്ചിയില്‍ നടത്തും. 27ന് ഔദ്യോഗിക ഉദ്ഘാടനം നടത്തും. 28, 29, 30 തീയതികളിലാണ് ട്രാവല്‍ മാര്‍ട്ട്. ടൂറിസം മേഖലയിലെ വൈവിധ്യം വിളിച്ചോതുന്ന ഉല്‍പന്നങ്ങള്‍ അണിനിരക്കുന്ന 300ഓളം സ്റ്റാളുകള്‍ മേളയിലുണ്ടാവും. മലബാര്‍ ടൂറിസം വികസനമാണ് മുഖ്യആശയം. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ മലബാറിന്റെ ടൂറിസം രംഗത്ത് വലിയ വളര്‍ച്ചയുണ്ടാവും. അടുത്ത സപ്തംബറോടെ കണ്ണൂര്‍ വിമാനത്താവളം തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കെടിഎമ്മിലേക്കുള്ള പ്രീ രജിസ്‌ട്രേഷന്‍ അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കും. 2016ല്‍ കെടിഎമ്മിന്റെ ഒമ്പതാം എഡിഷനില്‍ ഇന്ത്യയില്‍ നിന്നും 638 ബയേഴ്‌സും 57 വിദേശരാജ്യങ്ങളില്‍ നിന്നായി 238 ബയേഴ്‌സും പങ്കെടുത്തിരുന്നു. ഒരുലക്ഷത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് അന്നു നടന്നത്. അടുത്തവര്‍ഷത്തെ മേളയില്‍ 2016നേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
യോഗക്ഷേമസഭ സമരത്തില്‍നിന്ന് പിന്മാറണം: മന്ത്രി
തിരുവനന്തപുരം: അബ്രാമണരെ ശാന്തിമാരായി നിയമിച്ചതിനെ തുടര്‍ന്നുള്ള സമരപരിപാടികളില്‍ നിന്നും യോഗക്ഷേമസഭ പിന്മാറണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഉജ്ജ്വലമായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് യോഗക്ഷേമസഭ. പുതിയ ലോകം കാട്ടിക്കൊടുത്ത ചരിത്രമുള്ള പ്രസ്ഥാനമാണിത്. പുരോഗമന ആശയങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത ചരിത്രമുള്ള ഈ പ്രസ്ഥാനം ഇത്തരമൊരു നിലപാടെടുത്തത് ശരിയായില്ല. ഇഎംഎസ്, വി ടി ഭട്ടതിരിപ്പാട് ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനമാണിത്. ദളിതരെ ശാന്തിമാരായി നിയമിച്ച സംഭവം രാജ്യത്താകമാനം സ്വാഗതം ചെയ്യപ്പെട്ടതാണ്. യോഗ ക്ഷേമസഭ മാത്രമാണ് ഇതിനെതിരെ നിലപാടുമായി രംഗത്തെത്തിയതും.
അപേക്ഷ അയക്കാന്‍പോലും ബ്രാഹ്മണര്‍ ഇല്ലായിരുന്നുവെന്നാണ് മനസിലാക്കാനായത്. ബ്രാഹ്മണ വിഭാഗത്തിലുള്ളവര്‍ മറ്റ് ജോലികള്‍ തേടി പോകുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രമുഖര്‍ അടങ്ങിയ ബോര്‍ഡാണ് അഭിമുഖത്തിലൂടെ ശാന്തിമാരെ തെരഞ്ഞെടുത്തത്. ഇതിനെതിരെ സമരം നടത്തുന്ന യോഗക്ഷേമസഭ അവരുടെ നിലപാട് മാറ്റണം. നമ്മുടെ പാരമ്പര്യം ഉള്‍ക്കൊണ്ട് മുന്നോട്ട് വരണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
