കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കെ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി കേരളകോണ്‍ഗ്രസ് നേതാവ് ഇജെ അഗസ്തി. ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കില്‍ ചിഹ്നത്തിന്റെ പ്രശ്നം പരിഹരിക്കാമായിരുന്നെന്ന് ഇജെ അഗസ്തി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്തര്‍ക്കത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്നും ഇജെ അഗസ്തി പറഞ്ഞു.
രണ്ടില അനുവദിക്കണമെങ്കില്‍ പാര്‍ട്ടി ചെയര്‍മാനായി നിലവില്‍ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍ ഇപ്പോഴും രണ്ടിലച്ചിഹ്നം കിട്ടുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ജോസ് കെ മാണി.തനിക്കാണ് ചെയര്‍മാന്റെ അധികാരം എന്നറിയിച്ച് പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി ജോസ് പക്ഷവും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്ന് യുഡിഎഫ് യോഗത്തില്‍ ജോസഫ് ഉപാധി വെച്ചപ്പോള്‍ ചെയര്‍മാനായി അംഗീകരിക്കില്ലെന്നും വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ ജോസഫ് ചിഹ്നം അനുവദിച്ചോട്ടെ എന്നുമായിരുന്നു ജോസ് കെ മാണിയുടെ മറുപടി.