തിരുവനന്തപുരം:’ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്.ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല.മുഖ്യമന്ത്രി തന്നത് ഒരു മകളോടുള്ള പരിഗണന.’മീന്‍ വിറ്റത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ കടന്നാക്രമിച്ച ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടശേഷം പറഞ്ഞതാണിത്.ഖാദിബോര്‍ഡ് വൈസ് ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജിനൊപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ കാണാന്‍ രാവിലെ സെക്രട്ടറിയറ്റിലെ ഓഫീസിലെത്തിയത്.തനിക്കെതിരായി സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്.ഒരു മകളുടെ സംരക്ഷണം തനിക്ക് തരും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ് ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
‘ഒരു മകള്‍ എപ്പോഴും അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ് ആഗ്രഹിക്കുന്നത്.അതില്‍ ഉറപ്പുകിട്ടി.വളരെ ധൈര്യവും ആത്മവിശ്വാസവും തോന്നുന്നു.ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല, രു വെടിയുണ്ടയും എന്റെ നേരെ വരില്ല എന്ന വിശ്വാസമുണ്ട്.പഠനവും സുരക്ഷയും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും നന്ദിയുമുണ്ട്.’ഹനാന്‍ പറഞ്ഞു.
ഹനാന് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക് പേജില്‍ കുറിച്ചു.