ഗാന്ധിനഗര്‍: ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സാധിക്കുമായിരുന്നെന്ന അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഭറൂച്ചില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളില്‍ എവിടെയെങ്കിലും നാനോ കാര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.
അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ ബി ജെ പി സര്‍ക്കാരിന് കഴിഞ്ഞെന്ന് അദ്ദേഹം ചോദിച്ചു. മോദി ജയിലില്‍ അടച്ച ഒരാളുടെയെങ്കിലും പേരു പറയൂവെന്നും വിജയ് മല്യ ഇംഗ്ലണ്ടില്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ തിരഞ്ഞെടുപ്പു ദിവസം ബി ജെ പിക്ക് ഷോക്കടിക്കും. ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ ഗുജറാത്ത് സന്ദര്‍ശനമാണ് ഇന്നു തുടങ്ങിയത്.