ന്യൂഡല്‍ഹി:അങ്ങനെ ടിക്‌ടോക് തരംഗം അവസാനിക്കുന്നു. ജനപ്രിയ ആപ്ലിക്കേഷനായ ടിക്‌ടോക് ആപ്പിള്‍,ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍ നിന്നു നീക്കം ചെയ്യാന്‍ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ടിക്ക് ടോക്ക് നീക്കം ചെയ്ത മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടിക്ക് ടോക്ക് നല്‍കിയ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. ഏപ്രില്‍ മൂന്നിനാണ് ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറഞ്ഞത്.ഇതിനെതിരെ ടിക്ക് ടോക്ക് അധികൃതര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ ഹര്‍ജി ഏപ്രില്‍ 22ലേക്ക് മാറ്റിവെക്കുകയായിരുന്നു.
‘തേഡ് പാര്‍ട്ടികള്‍’ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ വിധി വിവേചനപരമാണെന്നും ടിക്ക് ടോക്ക് അധികൃതര്‍ പ്രതികരിച്ചു.തങ്ങളുടെ നിബന്ധനകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും എതിരായി അപ്ലോഡ് ചെയ്യപ്പെട്ട ആറ് മില്യണിലധികം വീഡിയോകള്‍ തങ്ങള്‍ നീക്കം ചെയ്തുവെന്നും ടിക്ക് ടോക്ക് അധികൃതര്‍ പറയുന്നു.