ഡല്‍ഹി:കാശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം അപ്പാടെ തള്ളിക്കളഞ്ഞ് ഇന്ത്യ. മധ്യസ്ഥത വഹിക്കണമെന്ന് നരേന്ദ്രമോദി ട്രംപി നോടാവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് രാജ്യസഭയില്‍ പറഞ്ഞു. കാശ്മീര്‍ തര്‍ക്കത്തില്‍ പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയുയര്ത്തി രാജ്യസഭയില്‍ പ്രതിപക്ഷബഹളം നടന്നു.വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനും തമ്മില്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.രണ്ടാഴ്ച മുമ്പ് തങ്ങള്‍ കണ്ടപ്പോള്‍ കാശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്രമോഡി തന്നോട് ആശ്യപ്പെട്ടതായാണ് ട്രംപ് പറഞ്ഞത്.ഒസാക്കയിലെ ജി 20 ഉച്ചകോടിക്കിടെയാണ് കാശ്മീര്‍ വിഷയത്തില്‍ മോഡി സഹായം അഭ്യര്‍ത്ഥിച്ചതെന്നാണ് ട്രംപിന്റെ വാദം.കാശ്മീര്‍ മനോഹരപ്രദേശമാണെങ്കിലും അവിടെ ഇപ്പോള്‍ ബോംബുകള്‍ വര്‍ഷിക്കുന്ന സാഹചര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രശ്നത്തിലിടപെട്ടാല്‍ ജനലക്ഷങ്ങളുടെ പ്രാര്‍ഥന ഒപ്പമുണ്ടാകുമെന്നാണ് ഇമ്രാന്ഖാന് ട്രംപിനോട് പറഞ്ഞത്.
എന്നാല്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ അഭിപ്രായം.1971ലെ യുദ്ധത്തിനുശേഷം നടന്ന സിംലകരാര്പ്രകാരം മൂന്നാമത് ഒരു കക്ഷി കാശ്മീര്പ്രശ്നത്തില് ഇടപെടുന്നത് ഇന്ത്യക്ക് സമ്മതമല്ല. മൂന്നാമതൊരാള്‍ മധ്യസ്ഥം വഹിക്കണമെന്നതാണ് പാകിസ്ഥാന്റെ ആവശ്യം.