പമ്പ:ട്രാന്‍സ് ജെന്ററുകള്‍ മലകയറി.കഴിഞ്ഞദിവസം ശബരിമലയിലെത്തിയശേഷം പോലീസ് ഇടപെടലിനെത്തുടര്‍ന്ന് തിരിച്ചുപോയ തൃപ്തി ഷെട്ടി,അനന്യ,രെഞ്ചു,അവന്തിക എന്നിരാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാലു മണിയോടെ പുറപ്പെട്ട സംഘം പത്ത് മണിയോടെ ശബരിമല ദര്‍ശനത്തിന് ശേഷം നെയ്യഭിഷേകവും നടത്തി.നിലക്കല്‍ മുതല്‍ കനത്ത സുരക്ഷയിലാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്.ഇവര്‍ക്കെതിരെ പ്രതിഷേധങ്ങളോ തടയാനുള്ള ശ്രമമോ ഉണ്ടായില്ല.ദര്‍ശനം സുഗമമായിരുന്നുവെന്ന് ട്രാന്‍സ് ജെസ്‌ഡേഴ്‌സ് പ്രതികരിച്ചു.                                                                                  കഴിഞ്ഞ 16 ന് ഇവര്‍ ശബരിമല ദര്‍ശനത്തിനെത്തിയെങ്കിലും സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നമുണ്ടാക്കുമെന്നും പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു.സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തില്ലെന്നറിയിച്ച ഇവര്‍ വേഷം മാറാന്‍ തയ്യാറായില്ല.തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ദര്‍ശനം നടത്തുന്നതിന് തടസമില്ലെന്ന് ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും പ്രതികരിച്ചിരുന്നു.തുടര്‍ന്ന് ശബരിമലയില്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ സമിതിയോട് കൂടി ആലോചിച്ച ശേഷമാണ് പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്.