തിരുവനന്തപുരം:പ്രമുഖ മലയാളം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.സംസ്‌കാരം നാളെ നടക്കും.
പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം 1977 കാലഘട്ടത്തിലാണ് അമ്പിളി ഡബ്ബിങ് രംഗത്തെത്തുന്നത്.അന്ന് അവര്‍ തീരെ ചെറിയ കുട്ടിയായിരുന്നു.ആ പ്രായത്തില്‍ അമ്പിളിയുടെ കഴിവ് കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി ഒരിക്കല്‍ പറഞ്ഞിരുന്നു.
അന്തരിച്ച നടി മോനിഷയുടെ സ്ഥിരം ശബ്ദമായിരുന്ന അമ്പിളി ,ശോഭന, ശാലിനി,ജോമോള്‍ തുടങ്ങിയ നടിമാര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്.സീരിയലുകള്‍ക്കും അവര്‍ ശബ്ദം നല്‍കിയിരുന്നു.നിരവധി അന്യഭാഷാചിത്രങ്ങള്‍ മലയാളത്തിലേക്ക് അമ്പിളി സംഭാഷണമെഴുതി മൊഴിമാറ്റം ചെയ്തിട്ടുണ്ട്.