ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുമ്പോഴും മലിനീകരണം നേരിടുന്നതിനുവേണ്ടി പിരിച്ചെടുത്ത 1500 കോടിയുടെ ഗ്രീന്‍ഫണ്ട് ഡല്‍ഹി അധികൃതര്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഡല്‍ഹിയിലെത്തുന്ന ട്രക്കുകളില്‍നിന്ന് സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം പിരിച്ചെടുക്കുന്ന എന്‍വയോണ്‍മെന്റ് കോംപന്‍സേഷന്‍ ചാര്‍ജും ഓരോ ലിറ്റര്‍ ഡീസലിന്മേലും ചുമത്തിയിട്ടുള്ള സെസ്സും അടക്കമുള്ളവ വഴി ലഭിക്കുന്ന ഈ തുക ചിലവഴിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍.
സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരിച്ചെടുക്കുന്ന എന്‍വയോണ്‍മെന്റ് കോംപന്‍സേഷന്‍ ചാര്‍ജ് ഡല്‍ഹി ഗതാഗത വകുപ്പിനാണ് കൈമാറുന്നതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
വായു മലിനീകരണം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2007 ഡിസംബറില്‍ ഷീല ദീക്ഷിത് സര്‍ക്കാരാണ് ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2000 സി.സിയ്ക്കുമേല്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ വിറ്റഴിക്കുന്ന രാജ്യതലസ്ഥാനത്തെ ഡീലര്‍മാരില്‍നിന്ന് 62 കോടിരൂപ സെസ് പിരിച്ചെടുത്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് ഇത്തരത്തില്‍ സെസ് പിരിച്ചു തുടങ്ങിയത്.
ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് സബ്സിഡി നല്‍കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തുവെന്ന് ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഉന്നത ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. വിലയേറിയ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ സബ്സിഡി നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ എത്ര ബസ്സുകള്‍ വങ്ങുമെന്നോ ഇതിനുവേണ്ടി എത്ര തുക വിനിയോഗിക്കുമെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 120 കോടിരൂപ ട്രക്കുകളില്‍ റേഡിയോ ഫ്രീക്വന്‍സി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ചിലവഴിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. ഡീസല്‍ സെസ് ഇനത്തില്‍ പിരിച്ചെടുത്ത തുക വായു മലിനീകരണം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കായി വിനിയോഗിക്കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 2.5 കോടിയോളം വിനിയോഗിക്കാനും നീക്കമുണ്ട്. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനും എല്‍.ഇ.ഡികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ബോധവത്കരണം നടത്താനും തുക വിനിയോഗിക്കാനുള്ള നീക്കവും ഇനിയും തുടങ്ങിയിട്ടില്ല.