ബംഗളൂരു:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി. കെ.ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. അറസ്റ്റിനു പിന്നാലെ ഇന്നലെ രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശിവകുമാറിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമാകും കോടതിയില്‍ ഹാജരാക്കുക.
അതേസമയം ശിവകുമാറിന്റെ അറസ്റ്റിനെത്തുടര്‍ന്ന് കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയില്‍ വിവിധയിട ങ്ങളില്‍ ബസുകള്‍ക്കു നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും പ്രധാന പാതകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. പോലീസെത്തി ലാത്തിച്ചാര്‍ജ്ജ് നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. കര്‍ണ്ണാടകയില്‍ പലയിടത്തും ഇന്ന് ബന്ദാണ്.
2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഏഴു കോടി കള്ളപ്പണമാണെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. മറ്റു പണമിടപാടുകളുടെ രേഖകളും കണ്ടെടുത്തു. ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഇഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന ശിവകുമാറിന്റെ ഹര്‍ജി കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു ചോദ്യംചെയ്യലിനായി അദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ ആസ്ഥാനത്തേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തതും തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ സഹകരി ക്കുന്നി ല്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്തതും.