ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ യുവത്വത്തിനെ ലക്ഷ്യമിട്ട് പുതിയ മരണക്കളി ശ്രദ്ധയാര്‍ജ്ജിക്കുന്നു. ബ്ലൂവെയില്‍ ഗെയിമിന്റെ ചുവട് പിടിച്ചെത്തിയതാണ് ‘ഡെയര്‍ ആന്റ് ബ്രേവ്’ എന്ന് പേരുള്ള ഈ പുതിയ ഗെയിം.
ഗെയിം ടാസ്കുകളില് പരാജയപ്പെടുന്നവര്‍ നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള വിവേകശൂന്യമായ പ്രക്രിയകളാണ് ഈ ഗെയിമിനുള്ളത്. പുതിയ കാലത്തിന്റെ ഈ ഗെയിം ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.
തൊണ്ണൂറുകളില്‍ കൗമാരക്കാര്‍ക്കിടയില്‍ പരിചിതമായിരുന്ന ‘ട്രൂത്ത് ഓര് ഡെയര്‍’ എന്ന ഗെയിമിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ഡെയര്‍ ആന്റ് ബ്രേവിന്റെ തുടക്കം അമേരിക്കയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലും ഗെയിമിന്റെ സാന്നിധ്യം അറിയിച്ചത് മുംബൈയിലെ അന്ധേരിയിലുണ്ടായ ഒരു സംഭവമാണ്. ഡെയര്‍ ആന്റ് ബ്രേവ് ചലഞ്ചിന്റെ ഭാഗമായിരുന്ന അന്ധേരി സ്വദേശിയായ ഒരു പെണ്‍കുട്ടി ഒരു ടാസ്കില് പരാജയപ്പെടുകയും മറ്റൊരാള്‍ അവളോട് അവളുടെ നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടാസ്ക് തോറ്റ 15 വയസുകാരി ചിത്രങ്ങളയച്ചു. എന്നാല്‍ ആ ചിത്രങ്ങള്‍ ഉപയോഗിച്ച് അവളെ ഭീഷണിപ്പെടുത്തി.
സംഭവം പ്രശ്നമായതോടെ വൈകിയാണെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് മുംബൈ എംഐഡിസി പോലീസില്‍ പരാതിയുമായെത്തി. ഒടുവില്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയായ 23 കാരനെ പോലീസ് പിടികൂടി. പോസ്കോ, ഐടി നിയമങ്ങള്‍ പ്രകാരം അയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പുതിയ ടെക്നോളജികള്‍ ഉപയോഗിക്കാനൊരുങ്ങുന്നതിനും മുന്‍പ് അവയുടെ പിന്നാമ്പുറങ്ങളിലേക്കു കൂടി ചിന്തിക്കാന്‍ പുതിയ തലമുറ തയ്യാറാവേണ്ടിയിരിക്കുന്നു.