തിരുവനന്തപുരം:മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോള്‍ (78) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.10 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധിതനായ അദ്ദേഹം ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്കാരം നാളെ വൈകിട്ട് കുറുപ്പം പടി സെന്റ്മേരീസ് കത്തീഡ്രലില്‍. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. നിലവില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) അംഗമായിരുന്നു.
എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ല്‍ ജനനം.21ാം വയസ്സില്‍ അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.
ഇടുക്കി പാലക്കാട് ജില്ലകളില്‍ കളക്ടറായി പ്രവര്‍ത്തിച്ചു. കേരളസര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു.കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്മാന്, ടൈറ്റാനിയം എംഡി, കെഎസ്ആര്‍ടിസി ചീഫ് എക്സിക്യൂട്ടീവ്, ഗതാഗത കമീഷണര്‍ തുടങ്ങിയ പദവികളിലും സേവനമനുഷ്ഠിച്ചു.2001- സര്‍വീസില്‍നിന്ന് വിരമിച്ചശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. നാല്‍പ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.പ്രഭാഷകനായാണ് അദ്ദേഹം കൂടുതല്‍ തിളങ്ങിയത്.’വേദശബ്ദരത്നാകരം’ എന്ന ബൈബിള്‍ വിജ്ഞാനകോശത്തിന് 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കവടിയാര്‍ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലായിരുന്നു താമസം.പരേതയായ അന്ന ബാബുപോള്‍ (നിര്‍മല)യാണ് ഭാര്യ.മക്കള്‍: മറിയം ജോസഫ്,ചെറിയാന് സി പോള്‍.മരുമക്കള്‍:സതീഷ് ജോസഫ്, ദീപ. മുന്‍ വ്യോമസേന സെക്രട്ടറിയും യുപിഎസ്സി അംഗവുമായിരുന്ന കെ റോയി പോള്‍ സഹോദരനാണ്.