തിരുവനന്തപുരം:കരിയറിലെ രണ്ടാം വരവില്‍ മഞ്ജുവാര്യരെ പിന്‍തുണച്ചതിനെത്തുടര്‍ന്നാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണമുണ്ടായതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണെന്നും വിഷയത്തില്‍ മഞ്ജു വാര്യരാണ് പ്രതികരിക്കേണ്ടതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
‘ഒടിയന്‍’ സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്.തന്റെ സിനിമയെ മാര്‍ക്കറ്റ് ചെയ്യേണ്ടത് തന്റെ ആവശ്യമാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു.എന്നാല്‍ സിനിമയുടെ ആദ്യഷോ തീരും മുന്‍പ് തന്നെ മോശം പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ഒടിയന്‍ സിനിമയ്‌ക്കെതിരായി മലയാളസിനിമാ ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ആക്രമണമാണുണ്ടായത്.സിനിമ റിലീസായി  മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളിലൂടെ  സിനിമ മോശമാണെന്ന വ്യാപക പ്രചരണം നടന്നു. സാധാരണ ഒരു സിനിമ പൊളിഞ്ഞാല്‍ കൂടുതല്‍ പഴി കേള്‍ക്കേണ്ടിവരുന്നത് നായകനാണ്.എന്നാല്‍ ഇവിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ സംഘടിത ആക്രമണമായിരുന്നു.മോഹന്‍ലാലിനെതിരെ ആരും ഒന്നും പറഞ്ഞതുമില്ല.ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജു നിറയെ അസഭ്യവും ട്രോളുകളും കൊണ്ടു നിറച്ചു.മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത പ്രതിഭാധനന്‍മാരായ സംവിധായകരുടെ ചിത്രങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ചരിത്രം നമ്മുടെ മുന്നിലുള്ളപ്പോഴാണ് തന്റെ ആദ്യ സംരംഭത്തിന്
ഒരു സംവിധായകന്‍ ഇത്രയധികം പഴി കേള്‍ക്കേണ്ടിവന്നത്.
അതേസമയം ഒടിയന്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.