ചെന്നൈ: തമിഴ്നാടിന്റെ പുരട്ചി തലൈവി ജയലളിത അന്തരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. ആ മരണം അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ പിളര്ത്തിയപ്പോള് ഇതിനു പിന്നിലെ ബിജെപി സ്വാധീനത്തിനെതിരെ തമിഴകത്ത് മറ്റ് ദ്രാവിഡപാര്‍ട്ടികള്‍ ഒന്നിക്കുകയാണ്. കമല്ഹാസന് ഉള്‍പ്പടെയുള്ളവരുടെ ഭാവിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ തെളിയിക്കും. മൂന്ന് മാസത്തെ ആശുപത്രിവാസത്തിനു ശേഷം തമിഴകത്തിന്റെ പ്രിയപ്പെട്ട പുരട്ചി തലൈവി ജയലളിതയുടെ മരണം ദ്രാവിഡരാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടു.
ശശികലയും ദിനകരനും ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും അധികാരത്തിന് വേണ്ടി കലഹിച്ചപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക പാര്‍ട്ടിയായ അണ്ണാ ഡിഎംകെയുടെ ഒന്നരക്കോടി വോട്ടുബാങ്കും ചിന്നിച്ചിതറി. ഗുജറാത്തിലെ മോദിയേക്കാള്‍ നല്ലത് തമിഴ്നാട്ടിലെ ഈ ലേഡിയാണെന്ന് സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ കണക്കെണ്ണിപ്പറഞ്ഞ് ജയലളിത പ്രചാരണം നടത്തി മൂന്ന് വര്‍ഷം പിന്നിടുമ്പോഴേയ്ക്ക് അണ്ണാ ഡിഎംകെയിലെ മന്ത്രിമാര്‍ ഇന്ന് കേന്ദ്രസര്‍ക്കാരിനോടുള്ള വിധേയത്വത്തിന്റെ പാതയിലാണ്. റെയ്ഡുകളുടെയും പിളര്‍പ്പുകളുടെയും ഒരു വര്‍ഷത്തിനിടെ തമിഴ്നാട്ടിലുണ്ടായത് രണ്ട് മുഖ്യമന്ത്രിമാര്‍.