തിരുവനന്തപുരം: മോഡി സ്തുതിയില്‍ ശശി തരൂര്‍ എംപിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എംപി. മോഡിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേക്കു പോകാമെന്നും കോണ്‍ഗ്രസ് അക്കൗണ്ടില്‍ ബിജെപി സ്തുതി വേണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നെ ആരും പഠിപ്പിക്കേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് ആരുടേയും കുടുംബസ്വത്തല്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
പാര്‍ട്ടിക്കകത്തിരുന്ന് ശശി തരൂരിനെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അനുവദിക്കില്ല.മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ കോണ്‍ഗ്രസുകാരല്ല .ഇവര്‍ക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കില്‍ കോടതിയില്‍ നേരിടണമെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തില്‍ 6 സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഉണ്ടായിട്ടും പാലയില്‍ മാത്രം കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മറ്റ് മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും
അതിനാല്‍ എല്ലാ മണ്ഡലങ്ങളിലും സെപ്തംബര്‍ 23 ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.