കേരളാ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണം എന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം കടുക്കുന്നു.നേതാക്കൾ പ്രാദേശികമായ ജനവികാരം മുതലെടുക്കാൻ ശ്രമിക്കുമ്പോൾ പെട്ടുപോകുന്നത് കോൺഗ്രസ് പാർട്ടിയാണ് . അനവസരത്തിലുള്ള അനാവശ്യ ആവശ്യമായി ഹൈബിയുടെ ബില്ലിനെ മുൻനിര കോൺഗ്രസ് നേതാക്കളെല്ലാം തള്ളിക്കളഞ്ഞു എങ്കിലും ആദ്യമേ എതിർത്ത് പ്രതികരിച്ച സംസ്ഥാന സർക്കാർ ആണ് വിഷയത്തിൽ നേട്ടം കൊയ്തത് .ബില്ല് അപ്രായോഗികം എന്ന നിലപാടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യത്തെ നിരാകരിച്ചു . ഒരു ദിവസം കഴിഞ്ഞപ്പോൾ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഹൈബിയെ തള്ളി മുൻപോട്ടു വന്നു . പാർട്ടിയോടാലോചിക്കാതെയുള്ള ഹൈബിയുടെ ഈ പ്രവർത്തിക്ക് കോൺഗ്രസ് പാർട്ടിയുടെ അംഗീകാരമോ പിന്തുണയോ ഇല്ല എന്നദ്ദേഹം വ്യക്തമാക്കി . അനാവശ്യ വിവാദമുണ്ടാക്കി പാർട്ടിയെ ഹൈബി പ്രതിസന്ധിയിലാക്കി എന്നതാണ് കോൺഗ്രസിൽ ഉയർന്നിരിക്കുന്ന പൊതുവികാരം. കെ മുരളീധരനും ശശി തരൂരും വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഹൈബിക്കെതിരെ രംഗത്തെത്തി. ബില്ല് പിൻവലിക്കാൻ ഹൈബിയുടെ മേൽ സമ്മർദ്ദമേറുകയാണ് . ഹൈബിയുടെ ആവശ്യത്തെ അപക്വം എന്ന നിലയിലാണ് മന്ത്രിമാരായ പി രാജീവും ശിവൻകുട്ടിയും പ്രതികരിച്ചത് .വിദേശത്തുള്ള ഹൈബി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല .
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ നിയോജകമണ്ഡലങ്ങളിൽ വിജയം നേടാനാകാതെ നട്ടം തിരിയുകയാണ് കോൺഗ്രസ് .അതിനിടയിലാണ് പാർട്ടി അധ്യക്ഷൻ കെ സുധാകരന്റെ തെക്കുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന പ്രതികരണം വന്നത് . വിഷയത്തിൽ പിന്നീട് സുധാകരൻ ഖേദം പ്രകടിപ്പിക്കുകയുണ്ടായി.ഇപ്പോൾ ഹൈബി അവതരിപ്പിച്ചിരിക്കുന്ന സ്വകാര്യ ബില്ലും തീർച്ചയായും കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല .
‘തലസ്ഥാന മാറ്റം’ വിവാദ ബില്ല് പിൻവലിക്കാൻ ഹൈബിക്ക് മേൽ സമ്മർദ്ദം ശക്തം.
പാർട്ടിയിൽ കൂടിയാലോചന നടത്താതെ അവതരിക്കപ്പെട്ട ബില്ല് സംഘടനയെ വെട്ടിലാക്കിയതിലുള്ള നീരസം പ്രകടിപ്പിച്ചു കോൺഗ്രസ് നേതാക്കൾ