ന്യൂ ഡല്‍ഹി: താജ്മഹലിന് സമീപമുള്ള ബഹുനില പാര്‍ക്കിങ് കെട്ടിടം പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
നിലവില്‍ നിര്‍മാണം നടക്കുന്ന ബഹുനില പാര്‍ക്കിങ് സംവിധാനത്തിന്റെ നിര്‍മാണം താജ്മഹലിന് കേടുപാടുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സുപ്രീംകോടതി തീരുമാനം. താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ വാഹന ബാഹുല്യത്തെ തുടര്‍ന്നാണ് ബഹുനില പാര്‍ക്കിങ് സംവിധാനം നിര്‍മിക്കാന്‍ സംസ്ഥാന ഭരണകൂടം തീരുമാനിച്ചത്.
താജ്മഹലിന്റെ കിഴക്കേ കവാടത്തിന് സമീപമായാണ് ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിച്ചിരുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ബഹുനിലകെട്ടിടം താജ്മഹലിനും പരിസ്ഥിതിക്കും ദോഷം സൃഷ്ടിക്കുമെന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം സി മേഹത്തയുടെ പരാതിയിലാണ് സുപ്രീം കോടതി തീരുമാനം.
പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള അനുമതിയും ബഹുനില കെട്ടിടത്തിന് ലഭിച്ചിട്ടില്ലന്നാണ് വാദം. താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി 231 കോടിയുടെ നിര്മാണ് പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സഞ്ചാരികളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി താജ്മഹലിന് സമീപമുള്ള വൃക്ഷങ്ങള്‍ വെട്ടുന്നതിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ബഹുനില പാര്‍ക്കിങ് സമുച്ചയം പൊളിച്ച് നീക്കുന്നതിനെതിരെ സംസഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഉത്തരവില്‍ സ്റ്റേ അനുവദിച്ചില്ല. നിലവില്‍ താജ്മഹലിന് സമീപം രണ്ട് പാര്‍ക്കിങ് സംവിധാനങ്ങളാണ് ഉള്ളത്.