ന്യൂഡല്‍ഹി: താജ്മഹല്‍ വിവാദത്തില്‍ രാജ്യത്ത് ചര്‍ച്ചകള്‍ തുടരവെ പുതിയ സാഹചര്യങ്ങള്‍ മുതലെടുക്കാനൊരുങ്ങി സംഘപരിവാര്‍. ആര്‍എസ്എസ് ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് പുതിയ വിവാദങ്ങല്‍ക്ക് തിരികൊളുത്തി രംഗത്തെത്തിയിരിക്കുന്നത്.
താജ്മഹലില്‍ മുസ്ലീങ്ങള്‍ നിസ്കാരം നടത്തുന്നത് നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കള്‍ക്ക് ശിവ പൂജ നടത്താന്‍ അനുമതി നല്‍കണമെന്നുമാണ് ആവശ്യം. താജ്മഹല്‍ ദേശീയ പൈതൃകമാണെന്നും എന്തുകൊണ്ടാണ് അവിടം മുസ്ലീങ്ങള്‍ക്ക് മതപരമായ ആരാധനയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നും ഇതിഹാസ് സങ്കലന്‍ സമിതി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ പറയുന്നു.
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഉണ്ടെന്നും അത് പ്രണയത്തിന്റെ സ്മാരകമല്ലെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. മുംമ്താസ് മരിച്ച് നാലുമാസത്തിനകം ഷാജഹാന് ചക്രവര്‍ത്തി വേറം വിവാഹം കഴിച്ചിരുന്നുവെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു.
തങ്ങള്‍ താജമഹലുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കണ്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലീം ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ട് പിന്നീട് സ്മാരകങ്ങളായോ മറ്റ് കെട്ടിടങ്ങളായോ മാറ്റപ്പെട്ട പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാലമുകുന്ദ് പാണ്ഡെ പറയുന്നു. ഇന്ത്യാ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍.