താനൂര്‍:മത്സ്യത്തൊഴിലാളിയായ യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ സവാദ്(40)നെ കൊലപ്പെടുത്തിയ ഭാര്യ സൗജത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുള്ള സൗജത്തിന്റെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.കറണ്ട് പോയതിനെത്തുടര്‍ന്ന് സവാദും മൂത്ത കുട്ടിയും വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു.വരാന്തയിലെ ഗ്രില്‍ പൂട്ടിയിരുന്നു.ഉറക്കത്തിനിടെ മുഖത്തേക്ക് ചോരതെറിച്ച് വീണപ്പോള്‍ ഞെട്ടിയുണര്‍ന്ന കുട്ടി കറുത്ത വസ്ത്രം ധരിച്ച് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു.
സവാദ് മരിച്ച വിവരം സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ അറിയിച്ചത്.പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്.തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പിന്‍വാതിലിലൂടെയാണ് കൊലയാളി അകത്തുകടന്നതെന്ന് മനസ്സിലായി.തുടര്‍ന്നാണ് സൗജത്ത് സംശയ നിഴലിലായത്.കൊലപാതകത്തിനു പിന്നാലെ ഇവരുടെ സൃഹൃത്ത് ഒളിവില്‍ പോയിരുന്നു.ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.