തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍  കെഎസ്ആര്‍ടിസിയെ  വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഇന്നലെമാത്രം അഞ്ഞൂറിനുമേല്‍ സര്‍വ്വീസുകള്‍ മുടങ്ങി.ഇന്ന് അതിലേറെ സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി.മുഴുവന്‍ താല്‍കാലിക ജീവനക്കാരെയും ഇന്നലെത്തന്നെ പിരിച്ചുവിടണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞിരുന്നു. മുഴുവന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് കോടതിയെ അറിയിക്കും.3861 താല്‍കാലിക ജീവനക്കാരെയാണ് കെഎസ്ആര്‍ടിസി ഇന്നലെ പിരിച്ചുവിട്ടത്.മൊത്തം 5000 ബസുകളുണ്ട്.11,000 സ്ഥിരം കണ്ടക്ടര്‍മാരാണുള്ളത്.
പിരിച്ചുവിടല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  താല്‍ക്കാലിക ജീവനക്കാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ ഇന്ന് വാദം കേട്ടേക്കും.ഇന്നലെ താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഇന്നലെ തിരുവനന്തപുരം മേഖലയില്‍ 300, എറണാകുളം മേഖലയില്‍ 360, മലബാര്‍ മേഖലയില്‍ 155 എന്നിങ്ങനെ സര്‍വീസുകള്‍ മുടങ്ങി. പിഎസ്‌സി നിയമനംവഴി പുതുതായി 8000 സ്ഥിരം ജീവനക്കാരാണ് വരുന്നത്. ഇതോടെ കെഎസ് ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.